ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്: അമ്മ ഭരണ സമിതി ഒന്നടങ്കം രാജിവെച്ചു

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ആടിമുടി ഉലഞ്ഞ് മലയാള സിനിമ മേഖല. മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ സംഘടനാ ഭരണസമിതി പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പെടെ ഒന്നടങ്കം രാജിവെച്ചു. പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കും വരെ നിലവിലെ ഭരണ സമിതി താല്‍ക്കാലിക സംവിധാനമായി തുടരുമെന്ന് അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് സാമൂഹ്യദൃശ്യഅച്ചടി മാധ്യമങ്ങളില്‍ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജി വെയ്ക്കുന്നുവെന്ന് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്‍കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നല്‍കിപ്പോരുന്ന സഹായവും ‘അമ്മ’യുടെ അംഗങ്ങള്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.

‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്‍പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് തങ്ങള്‍. വിമര്‍ശിച്ചതിനും തിരുത്തിയതിനും എല്ലാവര്‍ക്കും നന്ദിയെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *