ആഗോള സ്വര്‍ണാഭരണ വിപണിയിലേക്ക് ‘വിന്‍സ്‌മേര’ 

2000 കോടി രൂപയുടെ നിക്ഷേപം നടത്തും. രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി 20 സ്‌റ്റോറുകള്‍
കൊച്ചി: ‘വിന്‍സ്‌മേര’ എന്ന ബ്രാന്‍ഡിലൂടെ ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി രണ്ടു വര്‍ഷത്തിനുള്ളില്‍ 20 ജ്വല്ലറി സ്‌റ്റോറുകളും ഫാക്ടറികളും തുറക്കുമെന്ന് ആഗോള സ്വര്‍ണാഭരണ രംഗത്ത് ഡിസൈനിംഗ്, മാനുഫാക്ച്ചറിംഗ്, ഹോള്‍സെയില്‍ എക്‌സ്‌പോര്‍ട്ട് എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച, കണ്ണൂര്‍ സ്വദേശികളായ ദിനേഷ് കാമ്പ്രത്ത്, അനില്‍ കാമ്പ്രത്ത്, മനോജ് കാമ്പ്രത്ത്, കൃഷ്ണന്‍ കാമ്പ്രത്ത് എന്നിവര്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റീട്ടെയില്‍ വ്യാപാര രംഗത്ത് 2000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് പദ്ധതിയിടുന്നത്. ആദ്യഘട്ടത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ സ്‌റ്റോറുകളും കണ്ണൂരില്‍ ഫാക്ടറിയും തുറക്കും. കൂടാതെ അബുദാബി, ദുബായ്, ഷാര്‍ജ എമിറേറ്റ്‌സുകളില്‍ ഷോറൂമും ഫാക്ടറിയും ആരംഭിക്കും.
റീട്ടെയില്‍ വ്യാപാര ശൃംഖല വിപുലീകരിക്കുന്നതിലൂടെ പുതുതായി 2500ഓളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും. നിലവില്‍ വിന്‍സ്‌മേര ഗ്രൂപ്പിനു കീഴില്‍ 1000ലധികം ജീവനക്കാരാണുള്ളത്. ഇതില്‍ പകുതിയിലധികവും വനിതകളാണ്. ആഭരണങ്ങളുടെ ഡിസൈനിംഗ് മുതല്‍ പാക്കേജിങ് വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും സ്ത്രീകളാണ്. ഷാര്‍ജ, കണ്ണൂര്‍ എന്നിവിടങ്ങളില്‍ 50000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറികളിലാണ് നിലവില്‍ ആഭരണങ്ങളുടെ നിര്‍മാണവും ഡിസൈനിംഗും നടത്തുന്നത്. ഫാക്ടറികള്‍ ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിപ്പിക്കുന്ന ചുരുക്കം കമ്പനികളില്‍ ഒന്നാണ് വിന്‍സ്‌മേരയുടേത്.
കമ്പനിയുടെ ഇത്തരം പരിസ്ഥിതി സൗഹാര്‍ദ പ്രവര്‍ത്തനങ്ങള്‍ക്ക് ആഗോള അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.രാജ്യത്തെ പ്രമുഖ ബാങ്കുകളില്‍നിന്നും സ്വര്‍ണം നേരിട്ട് വാങ്ങുകയും ആവിശ്യാനുസരണം ഡിസൈനിംഗ്, നിര്‍മാണം, ഹോള്‍സെയില്‍ എക്‌സ്‌പോര്‍ട്ട് നടത്തുകയും ചെയ്യുന്ന വിന്‍സ്‌മേര ഗ്രൂപ്പ്, 2030ഓടെ പ്രാരംഭ ഓഹരി വില്‍പനയ്ക്ക് (ഐപിഒ) ലക്ഷ്യമിടുന്നു. കേരളത്തില്‍ വിന്‍സ്‌മേരയുടെ ആദ്യ ഷോറൂം കോഴിക്കോട് ഏപ്രില്‍ അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കും. 10000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ഷോറൂം ഒരുങ്ങുന്നത്. തുടര്‍ന്ന്, കൊച്ചി എംജി റോഡിലും ഷോറൂം തുറക്കും. നടന്‍ മോഹന്‍ലാലാണ് വിന്‍സ്‌മേരയുടെ ബ്രാന്‍ഡ് അംബാസിഡറായി എത്തുന്നത്.
Spread the love

Leave a Reply

Your email address will not be published. Required fields are marked *