പ്രവേശനോത്സവം: ആഘോഷമാക്കി കുരുന്നുകള്‍ 

സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോല്‍സവം കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
ആലപ്പുഴ: കളിച്ചും ചിരിച്ചും പഠിച്ചും പാടിയും സ്‌കൂള്‍ പ്രവേശനോത്സവം ആവേശമാക്കി  കുരുന്നുകള്‍. പുത്തനുടുപ്പും ബാഗുമായി സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവത്തിന് കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കെത്തിയ കുരുന്നുകളെ മധുരം നല്‍കിയും വാദ്യമേളങ്ങളുടെ അകമ്പടിയിലുമാണ് സ്വീകരിച്ചത്. പല വര്‍ണ്ണങ്ങളുള്ള തൊപ്പിയും കിരീടവുമെല്ലാം കുട്ടികള്‍ക്ക് തലയില്‍ ചൂടുന്നതിനായി ഒരുക്കിയിരുന്നു. നവാഗതരായ കുട്ടികളെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി സ്വീകരിച്ചു. സദസ്സിലേക്ക് കുട്ടികളെ ആനയിക്കുന്നതിന് കൃത്യമായ നിര്‍ദ്ദേശങ്ങളുമായി അധ്യാപകരും രക്ഷിതാക്കളും ഒപ്പമുണ്ടായിരുന്നു. കൃത്യം 9.30 ന് തന്നെ സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ സ്‌കൂളിലേക്കെത്തി. ബാന്‍ഡ് സെറ്റുകളുടെയും എന്‍സിസി കേഡറ്റ് മാരുടെയും അഭിവാദ്യങ്ങള്‍ സ്വീകരിച്ചാണ് മുഖ്യമന്ത്രി സദസ്സിലേക്ക് എത്തിയത്. മന്ത്രിമാരായ വി ശിവന്‍കുട്ടി, സജി ചെറിയാന്‍, പി പ്രസാദ് എന്നിവരും സന്നിഹിതരായിരുന്നു. തുടര്‍ന്ന് കലവൂര്‍ സ്‌കൂളിലെ കുട്ടികളുടെ നേതൃത്വത്തില്‍ പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്‌കാരം വേദിയില്‍ അരങ്ങേറി.

കൊട്ടാരക്കര താമരക്കുടി എസ്.വി.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിനിയായ ഭദ്ര ഹരി എഴുതി പ്രശസ്ത സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ് ചിട്ടപ്പെടുത്തിയ ഗാനമാണ് പ്രവേശനോത്സവ ഗാനം. അനു തോമസ്, അലീന മേരി ഷിബു, ജെറിന്‍ ജോര്‍ജ്ജ് എന്നിവരും ഗാനാലാപനത്തിന്റെ
ഭാഗമായി. പ്രവേശനോത്സവ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വിദ്യാര്‍ഥിനിയുടെ കവിത പ്രവേശനോത്സവ ഗാനമാകുന്നത്. ഗുരുഗോപിനാഥ് നടന ഗ്രാമത്തിലെ പ്രശസ്തരാണ് ദൃശ്യാവിഷ്‌കാരം ചിട്ടപ്പെടുത്തിയത്.നവാഗതരായ കുട്ടികള്‍ക്ക് മുഖ്യമന്ത്രി
ബാഗുകളും മറ്റ് പഠനോപകരണങ്ങളും സമ്മാനിച്ചു. തുടര്‍ന്ന് പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായി. പുസ്തകങ്ങള്‍ കൊടുത്തുകൊണ്ടാണ് വിശിഷ്ട വ്യക്തികളെ വേദിയില്‍ വരവേറ്റത്. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ എന്നിവര്‍ മുഖ്യാതിഥികളായി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേട്ടങ്ങളുടെ പുസ്തകപ്രകാശനം മുഖ്യമന്ത്രിയില്‍ നിന്നും മന്ത്രി സജി ചെറിയാന്‍ ഏറ്റുവാങ്ങി.
ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കലവൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളായ ഹരിശേഖര്‍, ഹൃദി എന്നിവര്‍ ഒരു ലക്ഷം രൂപ സംഭാവന നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാര്‍ഥികളില്‍ നിന്നും സംഭാവന ഏറ്റുവാങ്ങി. പ്രവേനോത്സവ ഗാനത്തിന്റെ രചന നിര്‍വ്വഹിച്ച ഭദ്രാ ഹരിയെയും ഈണമിട്ട സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫിനെയും ചടങ്ങില്‍ മുഖ്യമന്ത്രി  ആദരിച്ചു. ശാസ്ത്രരംഗം പ്രത്യേക പതിപ്പ് പ്രകാശനം മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. ലഹരിവിരുദ്ധ സംഗീത നൃത്തശില്പം ജീവിതോത്സവം 2025 ‘തുടി’ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. പ്രവേശനോത്സവത്തില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മറ്റുമായി വിഭവസമൃദ്ധമായ ഭക്ഷണവും സംഘാടകസമിതിയുടെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നു. ജനപ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങി പൊതുസമൂഹമാകെ ജില്ലയില്‍ സംഘടിപ്പിച്ച പ്രവേശനോത്സവത്തില്‍ അണിചേര്‍ന്നു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *