റോറോ നിര്‍മ്മാണം:  സ്റ്റീല്‍ കട്ടിങ്  നടന്നു 

നഗരസഭയ്ക്ക് വേണ്ടി നിര്‍മ്മിക്കുന്ന മൂന്നാമത്തെ റോ റോയുടെ കരാര്‍, 2024 നവംബര്‍ മാസം 13 ന് കൊച്ചി കപ്പല്‍ശാലയുമായി ഒപ്പു വച്ചിരുന്നു.14.9 കോടി രൂപയാണ് ജി.എസ്.ടി ഉള്‍പ്പെടെ, റോറോ നിര്‍മ്മാണത്തിനായി നഗരസഭ കൈമാറിയിരിക്കുന്നത്.
കൊച്ചി: കൊച്ചിയുടെ യാത്രാ ക്ലേശത്തിന് പരിഹാരമാകുന്ന മൂന്നാമത്തെ റോറോയുടെ നിര്‍മ്മാണത്തിന് മുന്നോടിയായുള്ള സ്റ്റീല്‍ കട്ടിങ് ചടങ്ങ് കൊച്ചി കപ്പല്‍ശാലയില്‍ വച്ച് നടന്നു.  നഗരസഭയ്ക്ക് വേണ്ടി നിര്‍മ്മിക്കുന്ന മൂന്നാമത്തെ റോ റോയുടെ കരാര്‍, 2024 നവംബര്‍ മാസം 13 ന് കൊച്ചി കപ്പല്‍ശാലയുമായി ഒപ്പു വച്ചിരുന്നു.14.9 കോടി രൂപയാണ് ജി.എസ്.ടി ഉള്‍പ്പെടെ, റോറോ നിര്‍മ്മാണത്തിനായി നഗരസഭ കൈമാറിയിരിക്കുന്നത്.  കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡാണ് ഇതിനുളള സാമ്പത്തിക സഹായം നല്‍കിയിട്ടുള്ളത്.റോ റോ വെസ്സലിന്  28.43 മീറ്റര്‍ നീളവും 8.25 മീറ്റര്‍ വീതിയുമുണ്ട് . ഡിസൈന്‍ വേഗത 6 നോട്ട് ആയിരിക്കും. ഐആര്‍എസ് ക്ലാസിഫിക്കേഷന്‍ സൊസൈറ്റിയുടെ കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ വെസ്സലിനെ,  കപ്പല്‍ശാല  ഇന്‍ഹൗസ് ഡിസൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ് രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.  4 ലോറികള്‍, 12 കാറുകള്‍, 50 യാത്രക്കാര്‍ എന്നിങ്ങനെ  വിവിധ കോമ്പിനേഷനുകളില്‍ വഹിക്കാന്‍ കഴിയുന്ന തരത്തിലാണ് വെസ്സല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍ സ്റ്റീല്‍ കട്ടിംഗ് നിര്‍വഹിച്ചു. ചടങ്ങില്‍ എറണാകുളം എം.പി ഹൈബി ഈഡന്‍്, എം.എല്‍.എ മാരായ ടി.ജെ വിനോദ്, കെ.ജെ മാക്‌സി, കൊച്ചി നഗരസഭ ഡെപ്യൂട്ടി മേയര്‍ കെ.എ അന്‍സിയ, കെ.എസ്.ഐ.എന്‍.സി മാനേജിംഗ് ഡയറക്ടര് ആര്‍ ഗിരിജ, സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ കേരള ലിമിറ്റഡ് ചെയര്‍മാന്‍ അഡ്വ.മുഹമ്മദ് ഇക്ബാല്‍, മാനേജിംഗ് ഡയറക്ടര്‍ ടി.ജി ഉല്ലാസ്, കൊച്ചി കപ്പല്‍ശാലം ഡയറക്ടര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര് തുടങ്ങിയവരും പങ്കെടുത്തു. ഒരു വര്‍ഷത്തിനുള്ളില് റോറോ നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്ന മേയറുടെ  ആവശ്യം കപ്പല്‍ശാല എം.ഡി അംഗീകരിച്ചു.മൂന്നാമത്തെ റോറോ വരുന്നതോടെ, ഏതെങ്കിലും ഘട്ടത്തില്‍ സാങ്കേതിക തകരാറുണ്ടായാല്‍ രണ്ട് റോറോയ്ക്ക് യാതൊരു മുടക്കവും ഇല്ലാതെ സര്‍വ്വീസ് നടത്തുവാന്‍ കഴിയും. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി മേഖലയിലുള്ളവര്‍ക്ക് എറണാകുളത്തേക്കും, വൈപ്പിനിലേക്കും യാത്ര ചെയ്യുന്നതിനും, എറണാകുളത്ത് നിന്ന് ടൂറിസം മേഖലയായ കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലേക്കുമുള്ള യാത്രയും  കുറെ കൂടി സുഗമമാകും.
Spread the love

Leave a Reply

Your email address will not be published. Required fields are marked *