ആധുനിക രീതിയിലുള്ള സമുദ്ര പഠന, ഗവേഷണം ഉറപ്പുവരുത്തും; കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ 

കൊച്ചിക്ക് പുറമെ വിശാഖപട്ടണം, കൊല്‍ക്കത്ത, ചെന്നൈ, മുംബൈ ക്യാംപസുകളിലെ അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ പരിഷ്‌കരണം എന്നീ മേഖലകളിലാണ് 17ഇന കര്‍മപദ്ധതി നടപ്പിലാക്കുന്നത്.
കൊച്ചി: ആഗോളനിലവാരത്തിലുള്ള സമുദ്ര പഠന, ഗവേഷണ സൗകര്യങ്ങള്‍ ഉറപ്പാക്കുകയാണ് ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റിയുടെ സമഗ്ര വികസനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര തുറമുഖ ഷിപ്പിങ് ജലപാത വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍. രാജ്യത്തുടനീളമുള്ള ഐഎംയു ക്യാംപസുകളിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊച്ചിക്ക് പുറമെ വിശാഖപട്ടണം, കൊല്‍ക്കത്ത, ചെന്നൈ, മുംബൈ ക്യാംപസുകളിലെ അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ പരിഷ്‌കരണം എന്നീ മേഖലകളിലാണ് 17ഇന കര്‍മപദ്ധതി നടപ്പിലാക്കുന്നത്. ആധുനികരീതിയിലുള്ള മാരിടൈം കോഴ്‌സുകള്‍ ലഭ്യമാക്കുന്നതിനോടൊപ്പം പഠനത്തിനും ഗവേഷണത്തിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയുമാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.

ഇതിന്റെ ഭാഗമായി മാരിടൈം കോഴ്‌സുകളുടെ കാലാനുസൃതമായ പരിഷ്‌കരണവും വിദ്യാര്‍ഥികള്‍ക്ക് ലോകോത്തര പരിശീലനവും ഉറപ്പാക്കും. കപ്പല്‍ പ്രവര്‍ത്തനങ്ങള്‍, നാവിഗേഷന്‍ എന്നിവയുടെ പരിശീലനത്തിനായി അത്യാധുനിക സിമുലേറ്ററുകള്‍, സോളാര്‍ പവര്‍ പ്ലാന്റുകള്‍, വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റല്‍ സൗകര്യം, മികച്ച കായിക സൗകര്യം എന്നിവയും ഉറപ്പുവരുത്തും. യൂണിവേഴ്‌സിറ്റി ക്യാംപസുകളുടെ നവീകരണത്തിനും വികസനത്തിനുമായി ആകെ 67.77 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.പദ്ധതിയുടെ ആദ്യഘട്ടമായി, കൊച്ചി ക്യാംപസില്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടി ആധുനിക സജീകരണങ്ങളോടെ ഹോസ്റ്റല്‍ കെട്ടിടം നിര്‍മിക്കും. ഇതിനായി 13.11 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ മാരിടൈം അമൃത്കാല്‍ വിഷന്‍ 2047ല്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങില്‍ എംപിമാരായ ഹൈബി ഈഡന്‍, ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മാലിനി വി ശങ്കര്‍, സര്‍വകലാശാല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *