ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ഹൃദയസംഗമം  നടന്നു 

കൊച്ചി ഐഎംഎ ഹൗസില്‍ നടന്ന സംഗമം ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു
കൊച്ചി:  ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെയും കുടുംബാംഗങ്ങളുടെയും ഒത്തുചേരലായ ഹൃദയസംഗമം സംഘടിപ്പിച്ചു. കൊച്ചി ഐഎംഎ ഹൗസില്‍ നടന്ന സംഗമം ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ഹൃദയസംഗമം സഹജീവികളോടുള്ള സഹാനുഭൂതിയുടെയും കരുണയുടെയും ഉദാഹരണമാണെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. ഹൃദയചികിത്സാ രംഗത്ത് കൂടുതല്‍ ഗവേഷണങ്ങളും പ്രാദേശിക പഠനങ്ങളും അനിവാര്യമാണ്.  ഈ രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ പ്രമുഖര്‍ക്ക് അര്‍ഹമായ ആദരം നല്‍കിയിട്ടുണ്ടോയെന്ന് നാം ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.ജോസ് ചാക്കോ പെരിയപ്പുറം അധ്യക്ഷത വഹിച്ചു.ഹൃദയസംഗമത്തില്‍ ഈ വര്‍ഷത്തെ സോഷ്യല്‍ എക്‌സലന്‍സ് പുരസ്‌കാരം  കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ സ്ഥാപകന്‍ ഫാ.ഡേവിസ് ചിറമേലിന് ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള സമ്മാനിച്ചു. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതായിരുന്നു പുരസ്‌കാരം. സമ്മാനത്തുക ഫാ. ഡേവിസ് ചിറമേല്‍ ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറി. ചടങ്ങില്‍ ഫൗണ്ടേഷന്‍ ട്രസ്റ്റി ഡോ. ജേക്കബ് അബ്രഹാം, ലിസി ആശുപത്രി ഡയറക്ടര്‍ ഫാ.ഡോ. പോള്‍ കരേഡന്‍, റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബല്‍ പ്രസിഡന്റ്  ഡോ. സുജിത് ജോസ്, ഫൗണ്ടേഷന്‍ സെക്രട്ടറി ഡോ. രാജു കണ്ണമ്പുഴ എന്നിവര്‍ സംസാരിച്ചു. ഹൃദയ സംഗമത്തില്‍ പങ്കെടുത്തവര്‍ തങ്ങളുടെ ജീവിതാനുഭവങ്ങളും ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ജീവിതരീതികളും പങ്കുവെച്ചു. കുടുംബാംഗങ്ങളുടെയും രോഗികളുടെയും വിവിധ സംശയങ്ങള്‍ക്ക് ആരോഗ്യവിദഗ്ദ്ധര്‍ മറുപടി നല്‍കി.
Spread the love

Leave a Reply

Your email address will not be published. Required fields are marked *