ഏലത്തിന്റെ അനധികൃത ലേലം; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ് 

കൊച്ചി: അംഗീകൃത ലൈസന്‍സ് ഇല്ലാത്ത ആളുകളും സ്ഥാപനങ്ങളും നടത്തുന്ന ഏലം ലേലത്തിനെതിരെ മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്. ഇത്തരം ലേലങ്ങള്‍ അനധികൃതമാണെന്നും ലേലങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സ്‌പൈസസ് ബോര്‍ഡ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. കേരളത്തിലും തമിഴ്‌നാട്ടിലും അനധികൃത ഏലക്ക ഇ ലേലം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌പൈസസ് ബോര്‍ഡിന്റെ നടപടി.ഏലം വ്യാപാരത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിനായി 1987ലെ ഏലം നിയമം (ലൈസന്‍സിംഗ് ആന്റ് മാര്‍ക്കറ്റിംഗ്), 1986ലെ സ്‌പൈസസ് ബോര്‍ഡ് ആക്ട് എന്നിവ പ്രകാരം ലൈസന്‍സ് കരസ്ഥമാക്കിയവര്‍ക്ക് മാത്രമേ ലേല നടപടികള്‍ക്ക് അനുവാദമുള്ളു. ലൈസന്‍സ് ഉള്ളവര്‍ക്ക് ഇടുക്കിയിലെ പുറ്റടി, തമിഴ്‌നാട്ടിലെ ബോഡിനായ്ക്കനൂര്‍ എന്നിവടങ്ങളിലെ ഇ ലേലത്തിലും മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന ലേലത്തിലും പങ്കെടുക്കാം. സ്‌പൈസസ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ http://spicesboard.in/publict/rader_directory/Traders.php?val=AUC ലേലം നടത്താന്‍ ലൈസന്‍സ് കരസ്ഥമാക്കിയവരുടെ വിവരങ്ങള്‍ ലഭ്യമാണ്.

 

Spread the love